Viral
Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?
Claim
കാസർഗോഡ് മസ്ജിദിന് മുന്നിൽ ബിജെപിയുടെ വിജയാഘോഷം എന്ന പേരിൽ ഒരുവീഡിയോ വൈറലാവുന്നുണ്ട്.
“ഇത് കാസർകോടാണ്. നിങ്ങളായി, നിങ്ങടെ പാടായി,” എന്ന കുറിപ്പോടെയാണ് പ്രചരണം. ചില ഇടത് പ്രൊഫൈലുകൾ, “തൃശൂരിൽ താമര വിരിയിക്കാൻ സഹായിച്ച കോൺഗ്രസുകാർക്ക് സമർപ്പിക്കുന്നു. കാസർകോട് ജുമുഅ മസ്ജിദിൻ്റെ മുന്നിൽ നിന്നുള്ള കാഴ്ച,” എന്ന പേരിലും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്
Fact
ഞങ്ങൾവീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, വാർത്ത ഭാരതി എന്ന വെബ്സൈറ്റ് ജൂൺ 8, 2024ൽ ഷെയർ ചെയ്ത ഈ വീഡിയോയുടെ കീഫ്രേമുകളിൽ ഒന്ന് ചേർത്തിട്ടുള്ള ഒരു വാർത്ത കിട്ടി.
ബി.ജെ.പി സ്ഥാനാർഥിയുടെ വിജയാഹ്ളാദതിനിടയിൽ കരോപാടി ഗ്രാമത്തിലെ മുസ്ലീം പള്ളിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം, ജയ് മോദി’ എന്ന് വിളിച്ച് നൃത്തം ചെയ്യുന്ന വീഡിയോ എന്നാണ് കന്നഡയിലുള്ള വിവരണത്തിന്റെ മലയാള പരിഭാഷ.

ഡൈജി വേൾഡ് എന്ന വെബ്സൈറ്റും ജൂൺ 8,2024ൽ ഈ വീഡിയോയുടെ കീഫ്രേമുകളിൽ ഒന്ന് ചേർത്ത ഒരു വാർത്ത കൊടുത്തിട്ടുണ്ട്.
“ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ വിജയം ആഘോഷിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ ‘ജയ് ശ്രീറാം, ജയ് മോദി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കരോപാടി പള്ളിയുടെ മുന്നിലെ ഈ പ്രവൃത്തി പ്രദേശവാസികൾക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്,” എന്നാണ് ബൻഡ്വാൾ ഡേറ്റ്ലൈനിൽ ഇംഗ്ലീഷിലുള്ള ആ വാർത്ത പറയുന്നത്.
മംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമമാണ് കരോപാടി.

കെ പി ന്യൂസ് 24X 7 എന്ന പ്രാദേശിക ചാനലും അവരുടെ ഫേസ്ബുക്ക് പേജിൽ റീലിന്റെ രൂപത്തിൽ ഈ വാർത്ത കൊടുത്തിട്ടുണ്ട്. ബൻഡ്വാളിലെ കരോപാടി മസ്ജിദിന്റെ മുന്നിൽ ബിജെപി പ്രവർത്തകരുടെ ആഘോഷം എന്നാണ് വീഡിയോയുടെ ഒപ്പമുള്ള ഇംഗ്ലീഷ് വിവരണം പറയുന്നത്.

ഇതിൽ നിന്നെല്ലാം കാസർഗോഡ് പള്ളിയ്ക്ക് മുന്നിൽ അല്ല കർണാടകത്തിലെ ബൻഡ്വാളിലെ കരോപാടി മസ്ജിദിന്റെ മുന്നിലെ ബിജെപിയുടെ വിജയാഘോഷത്തിന്റെ ദൃശ്യമാണിതെന്ന് മനസ്സിലായി.
Result: False
ഇവിടെ വായിക്കുക: Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?
Sources
Report by Vartha Bharathi on June 8, 2024
Report by Daijiworld on June 9, 2024
Facebook post by KP News 24×7 on June 9, 2024
(Inputs By Ishwarachandra B G, Newschecker Kannada)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.